Sunday 16 December 2012

തെന്മല മീറ്റ് മാറ്റിവച്ചു

പ്രിയ ബൂലോക സുഹൃത്തുക്കളെ,

ഡിസംബർ 30 ഞായറാഴച നടത്താൻ തീരുമാനിച്ചിരുന്ന തെന്മല മീറ്റ് ആകസ്മികമായി ഉണ്ടായ ചില സാഹചര്യങ്ങൾ കാരണം മാറ്റിവക്കേണ്ടി വന്നിരിക്കുന്ന വിവരം അറിയിക്കട്ടെ. താമസിയാതെ സൗകര്യപ്രദമായ മറ്റൊരു തീയതി പോ‌സ്റ്റ് ചെയ്യുന്നതാണ്.

വിശദവിവരങ്ങൾ പിന്നാലെ...

Sunday 26 August 2012

ദൈവം പോലും സ്വയം വിസ്മയിച്ച ഒരു രചനാശില്‍പം

തേന്മലയല്ല തെക്കന്‍ മലയാണ് തെന്മലയായതെങ്കിലും പ്രകൃതി ഭംഗിയില്‍ തെന്മല തേനോലും കാഴ്ചാനുഭവമാണ്. ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പശ്ചിമ ഘട്ടത്തിന്‍െറ തെക്കന്‍ സഹ്യനിരകളും അതിന്‍െറ താഴ്വരകളും നിറഞ്ഞ തെന്മല കണ്ടിട്ടില്ലങ്കില്‍, ഒരിക്കലെങ്കിലും അവിടെ പോയിട്ടില്ലങ്കില്‍ അത്രമേല്‍ നഷ്ടമെന്ത്? അതിഭാവുകത്വമെന്ന് പുശ്ചിക്കല്ലേ, സത്യമാണ്. തെന്മലയും ഒരു അനുഭവമാണ്. അനുഭവിച്ച് തന്നെ അറിയേണ്ട പ്രകൃതിയുടെ മനോഹര രചനകളിലൊന്ന്. മായിക ലോകത്തെ സര്‍ഗതല്‍പരര്‍ പരസ്പരം കാണാന്‍ ഭൂമിയിലേക്കിറങ്ങി വരുമ്പോള്‍ സംഗമിക്കാന്‍ ഇത്രമേല്‍ ഇണങ്ങിയ മറ്റൊരു സ്ഥലമില്ല തന്നെ. പ്രകൃതി ഒരു കാവ്യമാണ് തെന്മലയില്‍. ദൈവം പോലും സ്വയം വിസ്മയിച്ച ഒരു രചനാശില്‍പം. തെക്കന്‍ കാറ്റില്‍ മുളങ്കൂട്ടങ്ങളുരയുമ്പോള്‍, പക്ഷികള്‍ പാടുമ്പോള്‍, കല്ളോലിനികള്‍ ഒഴുകുമ്പോള്‍ ജനിക്കുന്ന സംഗീതത്തിന്‍െറ ശ്രാവ്യ മധുരം കേള്‍പ്പിക്കാന്‍ ഈ വരികള്‍ മതിയാവില്ല. അതുകൊണ്ടാണ് എല്ലാവരേയും ക്ഷണിക്കുന്നത്, വരൂ, മഞ്ഞുപെയ്യുന്ന ഡിസംബറിലെ അവസാന ഞായറാഴ്ച തെന്മലയിലേക്ക്.

പ്രകൃതിയുടെ മനോഹാരിത ആവോളം നുകരാന്‍ തെന്മലയിലത്തെുന്നവര്‍ തിരിച്ചുപോകുമ്പോള്‍ ഹൃദയത്തില്‍ പച്ചപ്പിന്‍െറ താഴ്വരകള്‍ നിറയണം. പ്രകൃതിയെ കുറിച്ചുള്ള ഒരു വീണ്ടുവിചാരമുണ്ടാവണം. പ്രകൃതി വിചാരങ്ങള്‍ക്ക് കൂടി ഇടം കൊടുത്തുകൊണ്ടാണ് ഇയെഴുത്തുകൂട്ടത്തിന്‍െറ ആഭിമുഖ്യത്തില്‍ ഈ സംഗമം നടക്കുന്നത്. 2012 ഡിസംബര്‍ 30, ഞായറാഴ്ച കല്ലട ജലസേചന പദ്ധതിയോട് ചേര്‍ന്നുള്ള തെന്മല ഇക്കോ ടൂറിസം മേഖലയിലാണ് മലയാളി ബ്ളോഗറന്മാരുടെ കൂടിച്ചേരല്‍. ബൂലോകത്തൊരു ഹരിത രാഷ്ട്രീയ ചേരിയാവാം നമുക്ക്. മരവും മനുഷ്യനും എന്നൊരു തലക്കെട്ടില്‍ ചര്‍ച്ചകള്‍ നടന്നാല്‍ നന്നായി. ജനാധിപത്യം വല്ലാത്തൊരു തുറസായതിനാല്‍ തലക്കെട്ടുകള്‍ വേറെയും നിര്‍ദേശിക്കാനുള്ള അവസരം വിശാലമാണ്. ഒരു വൃക്ഷത്തൈ നട്ടാവട്ടെ സംഗമത്തിന്‍െറ തുടക്കമെന്ന ആഗ്രഹത്തിന്മേല്‍ ക്യാമ്പ് ഡയറക്ടര്‍ പ്രശസ്ത കവി കുഴീപ്പുഴ ശ്രീകുമാര്‍ നട്ടത് കാഞ്ഞിര മരത്തിന്‍െറ തൈ ആയാലെന്താ എന്ന നിര്‍ദേശമാണ്. കയ്പിന്‍െറ കാരണം പറഞ്ഞ് എല്ലാവരും അകലേക്ക് മാറ്റിനിറുത്തുന്ന കാഞ്ഞിരം തന്നെ നെഞ്ചേറ്റിയാല്‍ അതൊരു പുതിയ വിപ്ളവമായിരിക്കും. അന്യായമായ ചൂഷണത്തിലൂടെ തകര്‍ന്ന പ്രകൃതിയില്‍നിന്നുള്ള തിരിച്ചടികളുടെ കയ്പ്നീര്‍ കുടിക്കുന്ന മനുഷ്യന്‍ ചില കൈപ്പേറിയ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാനുള്ള സമയമായി. കാവ്യപ്രതിഭക്ക് വിപ്ളവാഭിവാദ്യങ്ങള്‍.

തെന്മല ഡാം ജംഗ്ഷനിലുള്ള കല്ലട ഇറിഗേഷന്‍ പ്രോജക്ടില്‍ (കെ.ഐ.പി) ഇന്‍സ്പെക്ഷന്‍ ബംഗ്ളാവാണ് ക്യാമ്പ് സ്ഥലം. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് മണി വരെ. അതിരാവിലെ തന്നെ തെന്മലയിലത്തെിയാല്‍ പ്രകൃതി മഞ്ഞാടകള്‍ ഊരി മാറ്റുന്നതിന് മുമ്പുള്ള ആ വിസ്മയ കാഴ്ചകള്‍ നുകരാം. സുഖമുള്ള കുളരിലിരുന്ന് രാവിലെ എട്ടോടെ നല്ല ചൂടുള്ള പ്രാതല്‍ കഴിക്കാം. ഒമ്പത് മണിയോടെ ക്യാമ്പംഗങ്ങളുടെ രജിസ്ട്രേഷന്‍ തുടങ്ങാം. 9.45ന് പരസ്പരം പരിചയപ്പെടല്‍ (സൗഹാര്‍ദ അരങ്ങ്). 11 മണിക്ക് ക്യാമ്പ് സ്ഥലത്തുനിന്ന് ഇക്കോ ടൂറിസം വക ബസില്‍ ജലസംഭരണിയുടെ തീരത്തത്തെിച്ചേര്‍ന്ന് അവിടെ പുല്‍പ്പരപ്പില്‍ കൂടിയിരുന്ന് ഏതെങ്കിലും വിഷയത്തിന്മേലൊരു പൊതുചര്‍ച്ച- ‘പരിസ്ഥിതി സംരക്ഷണത്തിന് ഇയെഴുത്ത്’ അല്ളെങ്കില്‍ മരവും മനുഷ്യനും അല്ളെങ്കില്‍ വേറൊന്ന്, ഏതുമാകാം. പിന്നെ ക്യാമ്പ് ഡയറക്ടറുടെ കവിതകളുള്‍പ്പെടെ ഒരു കവിയരങ്ങും. ഉച്ചക്ക് 1.30 ആവുന്നതോടെ തീര്‍ച്ചയായും നാം ഒരു വിളിക്ക് വഴങ്ങേണ്ടിവരും, വിശപ്പിന്‍െറ വിളിക്ക്. തിരിച്ച് ഇന്‍സ്പെക്ഷന്‍ ബംഗ്ളാവിലത്തെി വിഭവ സമൃദ്ധമായ നാടന്‍ ഭക്ഷണം. പിന്നെ ഒരല്‍പം വിശ്രമം. 2.30 മുതല്‍ വിനോദ സഞ്ചാരമാണ്. ഫിഷറീസ് വകുപ്പിന്‍െറ അക്വോറിയം സന്ദര്‍ശനം, ട്രീ പാത്തിലൂടെയുള്ള യാത്ര, അഡ്വഞ്ചര്‍ പാര്‍ക്കില്‍ ചുമ്മാ സാഹസങ്ങള്‍. ഇതെല്ലാം കഴിഞ്ഞ് തിരിച്ചത്തെി വൈകീട്ട് നാലോടെ ചായ, കടി. തുടര്‍ന്ന് ഒറ്റക്കല്‍ ലുക്കൗട്ടിലേക്കുള്ള യാത്ര. അതിനിടയില്‍ ഡീര്‍ പാര്‍ക്കും മറ്റ് അനുബന്ധ കാഴ്ചകളും. അവിടെനിന്ന് തിരിച്ചത്തെി വൈകീട്ട് ആറ് മണിയോടെ മ്യൂസിക് ഫൗണ്ടന്‍. അതാണ് നമ്മുടെ ക്യാമ്പ് ഫയര്‍. കൂട്ടമണിയടി... ദേശീയഗാനം ചൊല്ലി പിരിയാം.

Wednesday 1 August 2012

ഹാർദ്ദമായ സ്വാഗതം

2012 ഡിസംബർ 30 ഞായറാഴ്ച തെന്മലയിലെ പ്രകൃതി രമണിയമായ വനസീമയിൽ വെച്ച് പ്രകൃതിയോട് രമിച്ചും, മതിച്ചും ഈ എഴുത്ത് മേഖലയിലെ സമാനമാനസർ ഒത്തുചേരുന്നു. പ്രകൃതിയെ സംരക്ഷിക്കുകയാണു ഏറ്റവുംവലിയ ജീവകാരുണ്യപ്രവർത്തനം എന്ന മഹത്തായ സന്ദേശമാണ് ഈ ഒത്തുചേരലിലൂടെ പ്രചരിപ്പിക്കുവാൻ ഉദ്ദേശിക്കുന്നത്. ഈ ഒത്തുചേരലിലേക്ക് ഇ-എഴുത്തുമേഖലയിലെ എല്ലാസുമനസ്സുകൾക്കും ഹാർദ്ദമായ സ്വാഗതം.

കേരളത്തിലെ ഏറ്റവും സുന്ദരമെന്നു വിശേഷിപ്പിക്കാവുന്ന ഒരു ടൂറിസ്റ്റു കേന്ദ്രമാണു തെന്മല. സഹ്യപർവതത്തിന്റെ പടിഞ്ഞാറേ അരികിൽ സ്ഥിതിചെയ്യുന്ന കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശമാണിത് . ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ആണ്‌ ഇത് . സാന്ദ്രഹരിതമായ സസ്യപ്രകൃതിയും ജൈവവൈവിധ്യവും കുളിമ്മയുള്ള അന്തരീക്ഷവും തെന്മലയുടെ സവിശേഷതകളാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

                                ചിത്രത്തിൽ ക്ലിക്കിയാൽ തെന്മലയെക്കുറിച്ചുള്ള ഏകദേശ ധാരണ കിട്ടും


ചിത്രശലഭങ്ങളുടെ വൈവിദ്ധ്യമാർന്ന കൂട്ടങ്ങളോടൊത്ത് കൂട്ടുകൂടി പ്രകൃതിയുടെ ശീതളസ്പർശമേറ്റ് വൻവൃക്ഷങ്ങളുടെ തളിർ നാമ്പുകളെത്തലോടി ആകാശത്തെത്തൊട്ടുരുമ്മി മേഘങ്ങളോടു സല്ലപിച്ചു നടക്കാം... അങ്ങനെയങ്ങനെ ബ്ലോഗുലോകത്തിന് പുത്തൻ ഉണർവ്വും ഒരുമയും ഒരിക്കൽക്കൂടി പങ്കുവയ്ക്കാം. അകലങ്ങളിൽ അക്ഷരലോകത്തുകൂടി മാത്രം സംവദിക്കുന്ന സ്നേഹസമ്പന്നരുടെ ഒരുമ ഭൂലോകസമക്ഷം പങ്കുവയ്ക്കാം. നവ എഴുത്തുകാരെ അക്ഷരലോകത്തേക്കു കൈപിടിച്ചുയർത്തുന്ന പ്രചോദനമാവാം. വിനോദത്തിനും വിജ്ഞാനത്തിനും സർവ്വോപരി ബൂലോകർക്ക് ഉന്മേഷപൂർവ്വം ഒരുമിക്കാൻ 2012 ഡിസംബർ 30 ഞായറാഴ്ച പ്രിയ ബൂലോക സുഹൃത്തുക്കളെ തെന്മലയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.